ബെയ്റൂട്ട്: ഇസ്രേലി ആക്രമണത്തിൽ പാർപ്പിടം നഷ്ടപ്പെട്ട ലബനീസ് ജനതയ്ക്കായി സാന്പത്തിക സഹായ പദ്ധതി പ്രഖ്യാപിച്ച് ഹിസ്ബുള്ള ഭീകരർ. ഒരു കുടുംബത്തിന് 14,000 ഡോളർ വരെ (ഏകദേശം 13.3 ലക്ഷം രൂപ) നൽകാനാണു തീരുമാനം. ഹിസ്ബുള്ള എക്സിക്യൂട്ടീവ് സമിതി അധ്യക്ഷൻ അലി ദാമുഷ് ആണു പദ്ധതി അവതരിപ്പിച്ചത്.
പദ്ധതിക്കാവശ്യമായ പണം എവിടെനിന്നാണെന്നു ഹിസ്ബുള്ള വ്യക്തമാക്കിയിട്ടില്ല. ഇതിനായി ഇറാൻ 20 കോടി ഡോളർ ഹിസ്ബുള്ളയ്ക്കു കൈമാറിയതായി കഴിഞ്ഞയാഴ്ച വാർത്തയുണ്ടായിരുന്നു. ഇറാന് ഇത്രയും തുക നല്കാൻ ശേഷിയില്ലെന്നാണ് അമേരിക്ക അന്ന് പ്രതികരിച്ചത്.
യുഎസ്-ഇസ്രേലി ആക്രമണം നേരിട്ട ഇറാനു പിന്തുണ പ്രഖ്യാപിച്ച് മാർച്ച് രണ്ടിനാണ് ഹിസ്ബുള്ള ഭീകരർ യുദ്ധത്തിൽ പങ്കാളിയാകുന്നത്. തുടർന്ന് ഇസ്രയേൽ ലബനനിൽ നടത്തിയ ആക്രമണത്തിൽ 4,300 പേർ കൊല്ലപ്പെടുകയും ലക്ഷങ്ങൾ അഭയാർഥികളാവുകയും ചെയ്തു.
ലബനീസ് തലസ്ഥാനമായ ബെയ്റൂട്ടിലും പ്രാന്തപ്രദേശങ്ങളിലും ഇസ്രേലി ആക്രമണം മൂലം വീടുകൾ നഷ്ടപ്പെട്ടവർക്കാണ് 14,000 ഡോളർ വച്ചു നല്കുക. ഫർണിച്ചറിന് എണ്ണായിരം, വാടക നല്കാൻ ആറായിരം എന്നിങ്ങനെ തുക വിഭജിച്ചിരിക്കുന്നു. ലബനന്റെ ഇതര പ്രദേശങ്ങളിൽ വീടു നഷ്ടപ്പെട്ടവർക്ക് 12,000 ഡോളർ വച്ചു നല്കും.